പൗഡറിട്ട അപ്പുപ്പന്മാർ

നമ്മുടെ സുഹൃത്ത് ഒരു ബൈക്ക് വാങ്ങി. ബൈക്ക് പഴയ കിടിലം. എൺപതുകളിലെ യുവാക്കളുടെ ഹരം. ഇന്നത്തെ ഡ്യൂക്ക് പോലെ അന്നത്തെ ഒരു ശവം ഉല്പാദനയന്ത്രം. പക്ഷെ പത്ത് മുപ്പത് കൊല്ലം പഴക്കമായി. രണ്ട് ലക്ഷം കൊടുത്തു. പിന്നെ പെയിന്റിങ്, പ്ലേറ്റിങ്ങ്. പുതിയ വണ്ടി പോലെ ആക്കി. കാണിക്കാൻ കൊണ്ട് വന്നു.

കാണാൻ നല്ല ഭംഗി. സ്റ്റാർട്ട് ചെയ്ത് ഓടിച്ചു നോക്കി. ഭയങ്കര ശബ്ദം. ഒരു കിലോമീറ്റർ ദൂരെ കേൾക്കാം. പക്ഷെ തീരെ വലിക്കുന്നില്ല. വയ്യ അതിന്. റിട്ടയർ ചെയ്ത് വീട്ടിൽ കുത്തിയിരിക്കേണ്ട പ്രായത്തിൽ കൊണ്ട് പണിയെടുപ്പിക്കുന്നു. വണ്ടികളോട് ക്രൂരത ചോദ്യം ചെയ്യാൻ ഇവിടെ ആരുമില്ല.

“എങ്ങനെയുണ്ട്?” സുഹൃത്ത് ചോദിച്ചു.

“ഒരു വയസ്സൻ അപ്പൂപ്പനെ കുളിപ്പിച്ച് പൗഡറൊക്കെ ഇട്ട് കൊണ്ടിരുത്തിയ പോലെയുണ്ട്.” ഞാൻ പറഞ്ഞു.

അവനത് തീരെ ഇഷ്ടപെട്ടില്ല. എന്നാലും സത്യം പറയണമല്ലോ.

നമുക്കൊരു അപ്പൂപ്പനുണ്ടെന്നു വയ്ക്കുക. പണ്ട് വല്യ പുലിയായിരുന്നു. എവറസ്റ്റ് കയറിയിട്ടുണ്ട്. ഇന്ന് ചെവി അത്ര കേൾക്കില്ല. മുടിയും പല്ലുമൊക്കെ പോയി. കണ്ണും കാഴ്ച പോര. നടക്കാൻ വടി വേണം. ഈ അപ്പൂപ്പനെ കുളിപ്പിച്ച് ഫ്രെഷ് ആക്കി പൗഡറിട്ട് വിഗ്ഗും സെറ്റ് പല്ലും കൊടുത്ത്, ‘എവറസ്റ്റ് ഒന്നു കൂടി കയറികാണിച്ച് താ അപ്പുപ്പാ,’ എന്ന് പറഞ്ഞാൽ നടക്കുവോ?

പക്ഷെ ഇതാണ് ഇവിടെ ഇന്ന് നടക്കുന്നത്. പഴയ, അക്ഷരാർഥത്തിൽ ജാംബവാന്റെ കാലത്തുള്ള, മതങ്ങളെയും മതനിയമങ്ങളെയും സംഹിതകളെയും പൗഡറിട്ട് കൊണ്ട് നമ്മുടെ മുന്നിൽ നിർത്തുന്നു. ഓരോന്നിന്റെയൊക്കെ പ്രായം പറയുന്നത് ഒരു നാണവുമില്ലാതെയാണ്. എന്റെതിന് ഏഴായിരം വർഷം പ്രായം, എന്റെതിനു പയിനായിരം, ഇങ്ങനെ. ഈ കിളവന്മാർക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് കാണിക്കാൻ മേക്കപ്പ്- മതപരിഷ്കരണം.

അങ്ങനെ അവർണ്ണൻ എന്ന് മനുഷ്യനായി പോലും വർണ്ണിച്ചിട്ടില്ലാത്തവനും ഹിന്ദുവായി. അതൊക്കെ ജോലിയുടെ കാര്യം, ജന്മമല്ല കർമ്മം, എന്നൊക്കെയുള്ള പൗഡറിടൽ. അമ്പലത്തിൽ കയറിക്കോ അതിനെന്താ, വേണേൽ പൂജാരിയും ആയിക്കോളൂ. കാര്യം നടക്കണം. അവർണ്ണൻ എങ്കിൽ അവർണ്ണൻ.
മുസ്ലിം മതത്തിന് പിന്നെ അതുമില്ല. പരിഷ്കാരപൗഡറിന്റെ ഒരു കണിക പോലും വേണ്ട.

ഇന്നലെയും കൂടി ഒരു മെഡിക്കൽ വിദ്യാർഥിയുടെ പോസ്റ്റ് ഫേസ്ബുക്കിൽ കണ്ടു. കാൻസർ മാറ്റാൻ മാന്ത്രിക വെള്ളം കുടിക്കണമത്രെ. പിറകോട്ടാണ് പോക്ക്. പെണ്ണുങ്ങളെ അടിമുടി കറുത്ത തുണിയിട്ട് മൂടി. കാലിലും കയ്യിലും സോക്സ് . ഇതൊക്കെ ഒരു മുപ്പത് കൊല്ലം മുന്നെ കണ്ടിരുന്നെങ്കിൽ ആള് കൂടിയെനെ. ഇന്ന് സർവസാധാരണം. മീശയും വടിച്ച് താടിയും വളർത്തി സിംഹത്തെ പോലെ നടക്കുന്ന ആൺ മെഡിക്കൽ വിദ്യാർഥികളൂം ഇവിടെയിന്ന് സുലഭം. എന്തിനായീ പഠിക്കുന്നത്? ആർക്കറിയാം.

ഈ രണ്ട് കൂട്ടരും കൂടി ഇവിടെ മര്യാദയ്ക്ക് കാര്യം തീർക്കുന്ന ലക്ഷണമില്ല. സിംഹങ്ങൾ ചില പൊട്ടന്മാർ ഇന്ത്യയെ മുസ്ലീം രാജ്യമാക്കുമെന്ന് വിളിച്ചു പറയുന്നു. ഇന്ത്യയെ ഹിന്ദു രാജ്യമാക്കികൊണ്ടിരിക്കുന്നവർക്ക് ഇത് കേട്ട് സന്തോഷമായി. ഇതു തന്നെ തരം. “ദാ ഇപ്പം നമ്മളെ മുസ്ലീം രാജ്യമാക്കും. ഹിന്ദുക്കളേ ഉണരൂ.” അങ്ങനെ നിങ്ങളെന്നെ സങ്കിയാക്കിയെന്ന് പറഞ്ഞ് ഒരു ന്യൂജൻ സങ്കി ജനിക്കുന്നു. മുസ്ലീം രാജ്യം ആവാതിരിക്കാൻ സങ്കിയായി.

“അല്ലാ, എങ്ങനെയാണ് മുസ്ലിം രാജ്യമാക്കുന്നത്? എൺപത് ശതമാനം ഹിന്ദുക്കളാണ്. ഇതിനെയെല്ലാം എങ്ങനെ മുസ്ലീമാക്കും?” എന്നൊരു ന്യൂജൻ സങ്കിയും ചോദിക്കാറില്ല. ചോദിച്ചാൽ ഉത്തരം റെഡി: “അതോ, അതാണ് വിദ്യ. ലവ് ജിഹാദ്.”

അതായത് മുസ്ലീം യുവാക്കൾ ഹിന്ദു പെണ്ണുങ്ങളെ പ്രേമിച്ച് മതപരിവർത്തനം നടത്തും. അങ്ങനെ വൻ തോതിൽ പ്രേമം, മതപരിവർത്തനം. ഒടുവിൽ ഇന്ത്യ മുസ്ലീം രാജ്യം.

ഇതൊക്കെ പറഞ്ഞാലും വിശ്വസിക്കാൻ ആളുണ്ടിവിടെ. ബാബറും കൂട്ടരും മുന്നൂറ് വർഷം വാൾമുനയിൽ നിർത്തി ഭരിച്ച നാടാണ്. അതിനു മുന്നെയും പലരും ശ്രമിച്ചു. എതിരാളിയെ ബിരിയാണിയാക്കി മാറ്റിയ കഥാപാത്രങ്ങളും ഉണ്ടായിരുന്നു ഇക്കൂട്ടത്തിൽ. എന്നിട്ടും നടക്കാത്ത കാര്യമാണ് മുസ്ലിം ഇന്ത്യ. അതാണ് ഇവിടെ മീശ മുളക്കാത്ത ചെക്കന്മാർ പ്രേമിച്ച് ഉണ്ടാക്കാൻ പോകുന്നത്.

ഇവിടെ വേണ്ടത് ഒരു ലിബറലൈസേഷനാണ്. തുറന്ന മാർക്കറ്റാക്കുക. ഉപഭോക്താക്കൾക്കും അതാണ് ഏറ്റവും നല്ലത്.

കാറിന്റെ കാര്യം നോക്കൂ. എന്റെ ഒരു അയൽക്കാരൻ അങ്കിൾ പണ്ട് ഗൾഫിൽ നിന്ന് വന്നപോൾ ഒരു അമ്പാസ്സഡർ കാർ വാങ്ങി. അതു മാത്രമേ അന്ന് മാർക്കറ്റിലുള്ളു. എല്ലാ ഞായറാഴ്ചയും മെക്കാനിക്ക് വരും. അതിനെ അഴിക്കും, പിടിക്കും, തിരിച്ചു മുറുക്കും. എന്റെ അന്നത്തെ ധാരണ കാർ വാങ്ങിയാൽ സ്വന്തമായി ഒരു മെക്കാനിക്കും വേണമെന്നായിരുന്നു. ആനയെ വാങ്ങുന്ന പോലെ. ഇന്ന് അതു പോലെ ഒരു കാർ വിൽക്കാൻ നോക്കിയാൽ അടി കിട്ടും. ലിബറലൈസേഷന്റെ മാജിക്.

ഈ മാജിക്കാണ് നമുക്കിവിടെ മതങ്ങളുടെ കാര്യത്തിലും വേണ്ടത്. തുറന്ന മാർക്കറ്റ്. എല്ലാ മതങ്ങളും പരസ്യമൊക്കെ കൊടുത്ത് ആളെ പിടിക്കട്ടെ. വെറുതെ ഒളിച്ച് പ്രേമിച്ചും മറ്റും പരിവർത്തനം ചെയ്യണ്ട. നമ്മൂടെ മതത്തെ നെഞ്ചു വിരിച്ച് മാർക്കറ്റ് ചെയ്യുക. അതിൽ ചേരാൻ ആഹ്വാനം ചെയ്യുക.

പരസ്യം ചെയ്യുമ്പോൾ നല്ല കാര്യം മാത്രം പറയണം. ഉദാഹരണത്തിന് മുസ്ലീം മതം. അങ്ങനെ നല്ലതൊന്നും പറയാൻ ഇല്ലെങ്കിലും മാർക്കറ്റിങ്ങ് അല്ലേ. ചുമ്മാ തള്ളണം: “കടന്നു വരൂ, അറച്ചു നിൽക്കാതെ മടിച്ചു നിൽക്കാതെ വരുവിൻ, നമ്മുടെ മതത്തിൽ ചേരുവിൻ. ചത്തു കഴിഞ്ഞാൽ നാല്പത്തിരണ്ട് ഹൂറികളെ നേടുവിൻ.” ഇനി പെണ്ണുങ്ങളെ എങ്ങനെ ആകർഷിക്കും എന്ന് ചോദിച്ചാൽ എല്ലാ മതങ്ങളും പുരുഷാധിപത്യത്തിന്റെ കൂടുകളാണ്. നാല്പത്തിരണ്ട് ഹൂറന്മാരെ കിട്ടും എന്ന് പറഞ്ഞാൽ ഉള്ള പെണ്ണുങ്ങൾ കൂടി പോകും. ഇവിടെ ഒരു ഹൂറനെ തന്നെ സഹിക്കാൻ വയ്യ. തല വഴി മുണ്ട് പുതപ്പിച്ചേ നടക്കാൻ സമ്മതിക്കൂ. ചത്തു കഴിഞ്ഞാൽ ഹൂറന്മാരില്ലാതെ ജീവിക്കാം എന്നോ മറ്റോ പറഞ്ഞ് നോക്കാം.

ക്രിസ്ത്യാനികൾ പാത്തും പതുങ്ങിയും കാൻസർ രോഗിയെയും വൃക്ക തകർന്നവനെയുമൊക്കെ പരിവർത്തനം ചെയ്യുന്നത് നിർത്തണം. ഇതൊരുമാതിരി സിംഹവും പുലിയുമൊക്കെ ഏറ്റവും ദുർബലരെ വേട്ടയാടുന്ന പോലെയുള്ള പരിപാടിയാണ്. ക്രിസ്ത്യാനികൾക്ക് ധൈര്യമായി അവരുടെ വിശ്വാസം വിളിച്ചു പറയാനുള്ള സാഹചര്യം ഉണ്ടാകണം: “ഞങ്ങൾ വഴി മാത്രമേ രക്ഷപ്പെടുകയുള്ളു. നിങ്ങളെല്ലാം ഇവിടെ വരുവിൻ, അല്ലെങ്കിൽ നരകതീ അനുഭവിക്കുവിൻ.”

ഹിന്ദുക്കളും മടിച്ചു നിൽക്കരുത്. ചുമ്മാ കിടന്ന് “അയ്യോ, മത പരിവർത്തനം” എന്ന് മോങ്ങാതെ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യൂ. “ഈ ജന്മം മൂഞ്ചി, പക്ഷെ സാരമില്ല. ഞങ്ങളുടെ അടുക്കലേക്ക് വരുവിൻ ,അടുത്ത ജന്മം സവർണ്ണനാകൂ.” ഈ ലൈനിൽ എന്തെങ്കിലും നോക്കാം. പിന്നെ ദൈവത്തിന്റെ പരസ്യം. ഇപ്പോൾ തന്നെ ബസ്സിന്റെ പിറകിലൊക്കെ പരസ്യം കാണാം ദൈവത്തിന്റെ. “വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം.” അതൊക്കെ കുറച്ച് കൂടി വിപുലമാക്കുക. “നമ്മുടെ നാടൻ ആർഷഭാരത ദൈവങ്ങളെ വിശ്വസിക്കൂ. വരുത്തൻ ദൈവങ്ങളെ ചവിട്ടി പുറത്താക്കൂ.” ഇങ്ങനെയൊക്കെ.

ആൾ ദൈവങ്ങളും പരസ്യം നടത്തണം. കെട്ടിപിടിക്കുന്ന അമ്മ, ഉമ്മവയ്ക്കുന്ന അച്ഛൻ, ശ്വാസം വിടാൻ പഠിപ്പിക്കുന്ന ബ്രോ, തൂറാത്ത അപ്പൂപ്പൻ എന്നൊക്കെ അല്പം അക്രമാസക്തമായ രീതിയിൽ തന്നെ മാർക്കറ്റിങ്ങ് ആകണം. ആൾ ദൈവം ഫീൽഡല്ലേ, ഭയങ്കര കോമ്പറ്റിഷനാണ്.

മതത്തെ ഓപ്പൺ മാർക്കറ്റിലേക്ക് കടത്തി വിടണം. അടിച്ചു തീർക്കട്ടെ. സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്. ഹിന്ദു ഉണരട്ടെ. മുസ്ലീമും ക്രിസ്ത്യാനിയും ഉണരട്ടെ. എല്ലാവനും കിടന്ന് ഉറങ്ങാതെ ഉണരട്ടെ. ഏറ്റവും നല്ല മതം വിജയിക്കട്ടെ.

Advertisements
%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close