മാലി ഏജന്റ്

രാവിലെ ഓപി. മാലിദ്വീപിൽ നിന്നുള്ള രോഗി. ഇവരെ കൊണ്ട് നടക്കുന്ന ദല്ലാൾമാരാണ് മാലി ഏജന്റ്സ്. പരിഭാഷകനും വഴിക്കാട്ടിയും. ഇവരും ഡോക്ടർമാരും കൂടി വഴികാട്ടി കാട്ടി മാലിക്കാർ സാധാരണ പത്തു പതിനഞ്ച് കിലോ റ്റെസ്റ്റുകളും സ്കാനുകളുമായാണ് നടക്കുക.

പരിശോധിച്ചു. നടുവേദനയാണ്. എക്സ്റേ എടുക്കണം. ഏക്സ്റേ എഴുതുന്നതിനിടയിൽ ഏജന്റ് സിസ്റ്ററിനോട് പറഞ്ഞു.

“ഒരു വലുത് ആയി കൂടേ?”

സിസ്റ്റർ അന്തം വിട്ട് നിൽക്കുന്നു. “വലുതോ?”

രോഗി പുറത്തു പോയപ്പോൾ അയാൾ വിശദീകരിച്ചു. “അത് എം.ആർ.ഐ സ്കാനാണ് ഉദ്ദേശിച്ചത്. അവരത് കേൾക്കണ്ട എന്ന് കരുതിയതാ.”

ഇപ്പോൾ മനസ്സിലായി. വലുത് എംആർഐ. ചെറുത് എക്സ്റേ. ക്ലിയർ.

“ഇനി തൊട്ട് അങ്ങനെ വേണ്ട,” ഞാൻ പറഞ്ഞു, “എക്സ്റേ വേണ്ടപ്പം ഒരു സ്മാൾ വേണം എന്ന് പറയുക. എം.ആർ.ഐക്ക് ലാർജ് എടുക്കാൻ പറയുക. കിടത്തി ചികിൽസയ്ക്ക് ഒരു പൈന്റ്. സർജറിക്ക് ഒരു ഫുൾ വേണം എന്ന് പറയണം. റ്റച്ചിങ്ങ്സ് വേണമെന്ന് പറഞ്ഞാൽ ഒരു ഇഞ്ചക്ഷൻ കൊടുത്തു വിട്ടേക്കാം.”

Advertisements
%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close