ശ്രീനിവാസൻ

 

ശ്രീനിവാസന് അസുഖം വന്നപ്പോൾ ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസ തേടി. ഇത് പറയുന്നത് അത്യാവശ്യമായ കാര്യമാണ്. അതിന് മെഡിക്കൽ എത്തിക്ക്സിന്റെ കോടാലി വീശി ഭയപ്പെടുത്തണ്ട.
രോഗിക്ക് ചികിൽസ നിഷേധിക്കുക- അത് കള്ളനായാലും കൊലപാതകിയായാലും ശാസ്ത്രവിരോധിയായാലും- മെഡിക്കൽ എത്തിക്സിനെതിരാണ്. രോഗിയുടെ സമ്മതമില്ലാതെ ചികിൽസാവിവരങ്ങൾ പരസ്യപെടുത്തുന്നതിന് കൃത്യമായ മാനദണ്ഡമുണ്ട്. അതല്ലാതെ ചെയ്യുന്നത് തെറ്റാണ്- എത്തിക്കലായും നിയമപരമായും. മറ്റൊരാൾക്ക് രോഗം വന്നത് ആഘോഷിക്കുന്നത് ഒരു തരം മാനസിക അസുഖമാണ്. ഇത്രയും ശരി.
എന്നാൽ ശ്രീനിവാസൻ ചികിൽസ തേടി ഒരു ആധുനിക വൈദ്യ ആശുപത്രിയിൽ, അതും കൊച്ചിയിലെ ഏറ്റവും മുന്തിയ സ്വകാര്യ ആശുപത്രിയിൽ, എത്തിചേർന്നു എന്നത് നാട്ടുക്കാരെ അറിയിക്കാതിരിക്കുന്നതാണ് തെറ്റ്. ആധുനിക വൈദ്യശാസ്ത്രത്തെയും ആശുപത്രികളെയും ഡോക്ടർമാരെയും ഓടി നടന്ന് കരിവാരി തേക്കുകയും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഒരു മനുഷ്യനാണയാൾ.
സംഭവത്തിൽ അദ്ഭുതപ്പെടാൻ ഒന്നുമില്ല. ഏതു വല്യ ശാസ്ത്രവിരുദ്ധനായാലും സ്വന്തം കാര്യം വരുമ്പോൾ ഇത് തന്നെ ചെയ്യും. വടക്കാഞ്ചേരിയും മോഹനൻ വൈദ്യരും ഇതു തന്നെ ചെയ്യും. കാരണം അവർ വിഡ്ഡികളല്ല. അവർക്കറിയാം അവർ പറഞ്ഞു നടക്കുന്നത് വിഡ്ഡിത്തമാണ്. ആ വിഡ്ഡിത്തം വിശ്വസിക്കാൻ മാത്രം വിഡ്ഡികളല്ല അവരാരും. ഇതിനേക്കാളൊക്കെ പറഞ്ഞു നടന്ന ഹെഗ്ഡേ പോയി കിടന്നു നല്ല കുട്ടിയായി ഐസിയുവിൽ. പിന്നെയാണ് പാവം ശ്രീനിവാസൻ.
പക്ഷെ ശ്രീനിവാസൻ സെലിബ്രിറ്റിയായതു കൊണ്ട് മാത്രം അയാൾ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കുന്ന വിഡ്ഡികൾ കുറെ പേരുണ്ട് ഇവിടെ. അവരെ ഈ വിവരം അറിയിക്കേണ്ട ബാദ്ധ്യത ശാസ്ത്രബോധമുള്ളവർക്ക് ഉണ്ട്. അത് ചെയ്യാതിരിക്കുന്നതാണ് തെറ്റ്.
സിനിമാനടന് പൈസയുണ്ട്, അതു കൊണ്ട് ആസ്റ്ററിൽ പോയി. അതുക്കും മേലെ വല്ലതും ഉണ്ടെങ്കിൽ അമേരിക്കയിൽ പോകും. പണ്ട് വി.എസ്. അച്യുതാനന്ദൻ- നമ്മുടെ വടക്കാഞ്ചേരി ഡോക്ടറുടെ സ്റ്റാർ രോഗി- വിദേശത്ത് പോയി ഓപ്പറേഷൻ ചെയ്ത പോലെ. എന്താ നാട്ടിൽ ചെയ്യാത്തത് എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: ഒരു പരീക്ഷണത്തിന് തയ്യാറല്ല. ഇന്നാണെങ്കിലും വി.എസ്. പറക്കും. ഇവിടെ ഉള്ളവർ വടക്കാഞ്ചേരിയും പരീക്ഷണവും ഒക്കെ ആയിക്കോ, നേതാവിനത് പറ്റ്വോ?
ഈയ്യിടെ വേറൊരു സിനിമാനടന്റെ ഭാര്യ വെള്ളത്തിൽ നാച്വറൽ പ്രസവം പ്രസവിക്കാൻ ചെന്നു. ഒടുവിൽ രക്തസ്രാവമായി. ഇതു പോലെ മുന്തിയയൊരു ആശുപത്രിയിൽ കൊണ്ടു പോയി. രക്ഷപ്പെട്ടു. ആരും അറിയാത്ത സംഭവം. വാർത്ത മുക്കി. കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നിരുന്നുവെങ്കിൽ കാണാമായിരുന്നു വനിതയിലും ഗൃഹലക്ഷ്മിയിലും അഭിമുഖവും നാച്വറൽ പ്രസവത്തിന്റെ പ്രകീർത്തനവും.
അതു കൊണ്ട് കൂടുതൽ ആഡംഭരം വേണ്ട. അസുഖം വന്നാൽ ഇപ്പറയുന്ന എല്ലാവരും സ്വന്തം കാര്യം നോക്കും. അവർ പറയുന്നത് കേട്ട് നടക്കുന്ന വിഡ്ഡികൾ മൂഞ്ചും. സിനിമാനടൻ ആരോഗ്യശാസ്ത്രം പറയുന്നത് വിശ്വസിച്ച് ജീവിക്കുന്നവർ അർഹിക്കുന്നതും അത് തന്നെയാവും.

Advertisements
%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close