കിണറ്റിൽ കളയേണ്ട ദൈവങ്ങൾ

ദേഹിയും ദേഹവും രണ്ടും രണ്ടാണ്. ദേഹി വസ്ത്രമായി ഉപയോഗിക്കുന്നതാണ് ദേഹം. ഇടക്കൊക്കെ ഷർട്ട് മാറ്റും. നമുക്കത് മരണവും ജനനവുമായി തോന്നും. ദേഹിക്ക് പക്ഷെ മരണമില്ല. അത് ഒരു കോസ്റ്റ്യൂം മാറൽ ചടങ്ങ് മാത്രം.

 
രക്തവും മജ്ജയും അസ്ഥിയും മാംസവും അപ്പിയും വയർപ്പുമെല്ലാം ദേഹമാണ്. ദേഹിക്ക് ശുദ്ധി മാത്രം. ദേഹം അങ്ങനെയല്ല. അശുദ്ധിയും ശുദ്ധിയും തമ്മിൽ അവിടെയാണ് വേർതിരിവ്. ആരുടെ ദേഹം, എവിടുന്നുള്ള രക്തം- ഇതൊക്കെ വേർതിരിക്കാനുള്ള മറ്റ് ഘടകങ്ങൾ.

 
കുറച്ചു കൂടി പുരോഗമിച്ച് കഴിഞ്ഞാൽ എല്ലാം ഒരു തോന്നലാണ്. അദ്വൈതിയായി. എന്താണ് നീ കൽപ്രതിമകളിലും ഹിമാലയസാനുക്കളിലും തേടിയലയുന്നത്? അതു തന്നെയാണ് നീ. വെറുതെയാണ്. ഒരു പല്ലു വേദന വന്നാൽ മതി ഒരുവിധപ്പെട്ട അദ്വൈതമൊക്കെ സ്ഥലം വിടാൻ. അങ്ങനെയുള്ളയാൾ എന്തായാലും മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന ദൈവങ്ങളെ കാണാൻ കൂട്ടാക്കില്ല.

 
വിഗ്രഹത്തിൽ ദൈവത്തെ കാണുന്ന ലെവെൽ ഭക്തിമാർഗത്തിൽ നിന്നാൽ പോലും കഴിയുന്നതും നല്ലതു ചെയ്യുക, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക, മൈക്ക് വച്ച് ഭക്തി പ്രദർശിപ്പിക്കാതിരിക്കുക- ഇത്രയൊക്കെ മതി ഒരു നല്ല ജീവിതത്തിന്. പക്ഷെ മതവിശ്വാസം ഒരു കാലത്തും അങ്ങനെ നിരുപദ്രവകരമായ ഒന്നായിരുന്നില്ല. പുറത്തുള്ളവനെ കടന്നാക്രമിച്ചും അകത്തുള്ളവരെ വരുതിക്ക് നിർത്തിയും മാത്രമെ ശീലമുള്ളു.

 
മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവർ തന്നെ അന്ധവിശ്വാസത്തിനെതിരെ പറയുന്നതാണ് ഇന്നത്തെ ഫാഷൻ. ദൈവം തന്നെയാണ് ഏറ്റവും വല്യ അന്ധവിശ്വാസം. പ്രപഞ്ച സൃഷ്ടാവാണ് അന്പലത്തിൽ ഇരിക്കുന്നത്. അയാൾക്കാണ് ആർത്തവരക്തവും ശവശരീരവും അന്പതു മീറ്റർ ചുറ്റളവിൽ വന്നാൽ അശുദ്ധി വരുന്നത്. ഒരു കുഞ്ഞ് മൂത്രമൊഴിച്ചാൽ തീരുന്ന ശുദ്ധി!

 
ഒരു അടുത്ത സുഹൃത്തിന്റെ അമ്മ പണ്ട് ആത്മഹത്യ ചെയ്തു. വർഷങ്ങളായി വിഷാദരോഗമായിരുന്നു. രാവിലെ പോസ്റ്റ്മോർട്ടെം കഴിഞ്ഞ് അമ്മയെ ആംബുലൻസിൽ അവന്റെ വീട്ടിലെത്തിച്ചു. വീടിന്റെ നേരെ എതിരെ ശാസ്താംകോവിൽ. കുറച്ചു പേർ വന്നു. “കോവിൽ അടച്ചു കഴിഞ്ഞ് ശവം വീട്ടിൽ കയറ്റിയാൽ മതി,” അവർ പറഞ്ഞു. കുറെ കെഞ്ചി നോക്കി. ഒരു രക്ഷയുമില്ല. സമ്മതിക്കുന്നില്ല. “ദുർമരണമാണ്, അശുദ്ധി. ഞങ്ങൾ തടയും.” സംസാരത്തിൽ തികഞ്ഞ ദാർഷ്ട്യം. അവിടെ അന്പലത്തിനകത്ത് പട്ടിയും പൂച്ചയും കാക്കയും ദിവസവും ചാവുന്നുണ്ടാവും. അത് പറഞ്ഞില്ല. തല്ല് കൊണ്ട് ചാവാൻ പണ്ടേ പേടി.

 
അവർ സമ്മതിക്കുന്നതു വരെ അമ്മയെ ആംബുലൻസിൽ തന്നെ അടുത്ത ജ്ംക്ഷനിൽ കിടത്തി. രണ്ട് മണിക്കൂർ കഴിഞ്ഞ് അനുമതി ലഭിച്ചു. വീട്ടിൽ എത്തിച്ചു. പിന്നെ അടുത്ത കൂട്ടം കഴുകന്മാരുടെ ഊഴമായി. “കരയോഗം സഹകരിക്കില്ല,” സന്ദേശം വന്നു. “എന്താ കാര്യം?” “അത് ശരിക്കുള്ള മരണകാരണം ഞങ്ങളെ അറിയിച്ചില്ല.” ഒടുവിൽ സുഹൃത്തിന്റെ അച്ഛൻ നേരിട്ട് പോയി എല്ലാരോടും മാപ്പ് പറഞ്ഞു പ്രശ്നം പരിഹരിച്ചു.

 
ഇന്നലെ ചിത്രകാരനും ശില്പിയുമായ അശാന്തൻ ഹൃദയാഘാതം വന്നു മരിച്ചു. മൂന്ന് തവണ ലളിതകലാ അകാദമി അവാർഡ് കിട്ടിയ ആൾ. മൃതദേഹം സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രദർശിപ്പിക്കാൻ അടുത്തുള്ള ക്ഷേത്രഭാരവാഹികളുടെ നേതൃതത്തിൽ ജനക്കൂട്ടം തടസ്സപ്പെടുത്തി. അക്രമം ഉണ്ടാക്കി ബാനർ വലിച്ചു കീറി. ദൈവത്തിന്റെ മുന്നിൽ കൂടി 50 മീറ്ററിനുള്ളിൽ ശരീരം കടത്തിയാൽ ക്ഷേത്രത്തിന്റെ ശുദ്ധി നഷ്ടപ്പെടുമത്രെ. ഇതെല്ലാം ഇന്നത്തെ ഹിന്ദു പത്രത്തിലെ വാർത്ത. മലയാളം പത്രത്തിൽ ക്ഷേത്രവിശ്വാസികൾ “എതിർപ്പ് പ്രകടിപ്പിച്ചു”വെന്ന് മരണവാർത്തയുടെ ചുവടിൽ ഒരു വരി.

 
ജീവിതത്തിന്റെ ക്രമതാളസംഹാരസൃഷ്ടികളിൽ മുഴുവൻ സ്ഥിതി ചെയ്യുന്നു എന്ന് പറയുന്ന ദൈവത്തിനാണ് തൊട്ടുകൂടായ്മ. കൊണ്ട് കിണറ്റിൽ കളയണം ഈ ചെറിയ ദൈവങ്ങളെ.
പത്രവും റ്റിവിയും നിശബ്ദം. നേതാക്കന്മാരെല്ലാം ഭക്തരിൽ ഭക്തർ. വിപ്ലവപ്പാർട്ടികാരാണ് ഇന്നത്തെ ഭക്തശിരോമണികൾ. എല്ലാവരും ഭക്തിമാർഗത്തിന്റെ കുഴലൂത്തുകാർ. അന്ധവിശ്വാസത്തിന് കുഴലൂതുന്നതല്ല സ്റ്റെയ്റ്റിന്റെ ജോലി. ഇതാരു പറയും?

Advertisements
%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close