How to be a bold motorcycle rider

സായിപ്പ് പറഞ്ഞ കാര്യമാണ്. നമ്മളായിട്ട് തെറ്റിക്കാൻ പാടില്ല. ഓൾഡ് ആവുന്നതിന് മുന്നെ ബോൾഡ് ആയി മരിക്കണം. ഓൾഡ് ആവാതെ ബോൾഡ് ആയി ബൈക്ക് ഓടിച്ചു മരിക്കാനുള്ള പത്ത് കല്പനകൾ:

1. മദ്യപിച്ച് ഓടിക്കുക.

നല്ല പോലെ അടിച്ചു പൂസാവുക. എന്നിട്ട് ബൈക്ക് എടുക്കുക. കഴിയുമെങ്കിൽ നല്ല ഫിറ്റായ ആരെയെങ്കിലും പിറകിൽ ഇരുത്തുക. (See കല്പന 7)

2. ഹെൽമെറ്റ് ഇടരുത്.

ഹെൽമെറ്റ് തീരെ ഇടാതിരിക്കുന്നതാണ് വീരോചിതം എന്ന് അനുഭവം. എല്ലാ ആഴ്ചയും ഒരാളെയെങ്കിലും കയ്യിലോ കാലിലോ നിസ്സാര പരിക്ക് പറ്റി കാണാറുണ്ട്.

“തല ഇടിച്ചോ?”

“ഇല്ല, ഹെൽമെറ്റ് ഇട്ടിരുന്നു. അത് തവിടു പൊടിയായി.”

കൈയ്യും കാലുമൊക്കെ എങ്ങനെയെങ്കിലും ശരിയാക്കിയെടുക്കും. പക്ഷെ തല. ഒരു കാരണവശാലും തല രക്ഷിക്കാൻ ശ്രമിക്കരുത്. മാത്രമല്ല ഹെൽമറ്റ്ധാരി വീണ് തല ഇടിച്ചാൽ പുതിയ ഹെൽമറ്റ് വാങ്ങാൻ വല്യ വില കൊടുക്കേണ്ടി വരും. ഇത് ഒഴിവാക്കാനായി റ്റിൻ വച്ചുണ്ടാക്കിയ പോലത്തെ ഒരു തരം ഹെൽമെറ്റ് ഇപ്പോൾ ലഭ്യമാണ്. ഖനിതൊഴിലാളികൾ ഉപയോഗിക്കുന്ന ഈ ഐറ്റം സ്ത്രീകൾക്ക് പ്രത്യേകിച്ച് വളരെ ഇഷ്ടമാണ്.

പോലീസിന്റെ ശല്യം കണക്കാക്കി ഹെൽമെറ്റ് ഇടേണ്ടി വന്നേക്കാം. അങ്ങനെയെങ്കിൽ അത് ‘നിനക്കൊക്കെ വേണ്ടിയാണെടാ ഇത്’ എന്ന് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ധരിക്കുക. നെറ്റിയിൽ ധരിക്കുക. സ്റ്റ്രാപ് ഇടരുത്. കഴിയുമെങ്കിൽ പിറകിൽ ആരെയെങ്കിലും ഇരുത്തി അവരുടെ കൈയ്യിൽ ഏൽപ്പിക്കുക.

3. മൊബൈൽ ഉപയോഗിച്ച് ബൈക്ക് ഓടിക്കുക.

ബൈക്ക് ഓടിക്കുന്ന നേരം ഫോൺ അടിച്ചാൽ വണ്ടി നിർത്തരുത്. ഒരു കൈ കൊണ്ട് ഫോൺ എടുക്കുക. ചെവിയുടെയും തോളിന്റെയും ഇടയിൽ ഫോൺ തിരുകി കയറ്റി തല ആ വശത്തേക്ക് തിരിച്ച് പിടിക്കുക. യഥേഷ്ടം സംസാരിക്കുക. വണ്ടി നിർത്തി ഫോൺ എടുക്കുന്നത് സമയനഷ്ടം ഉണ്ടാക്കും. നമുക്കാണെങ്കിൽ കുറച്ച് സമയം അല്ലേ ഉള്ളു ഇവിടെ- ഓൾഡ് ആകാൻ ഉദ്ദേശ്യമില്ലല്ലോ.

ഇത് കൂടാതെ ബൈക്ക് ഓടിക്കുന്ന സമയം വാട്ട്സാപ്പിൽ ചാറ്റ് ചെയ്യുകയും ചെയ്യാം. അതൊക്കെ എങ്ങനെ എന്ന് ചോദിക്കരുത്, ഒക്കെ പറ്റും.

4. ആംബുലൻസിന്റെ പിറകെ പായുക.

ആംബുലൻസ് വരുന്നത് കണ്ടാൽ വഴി മാറുക. എന്നിട്ട് അതിന്റെ തൊട്ട് പിറകെ ഓടിക്കുക. നല്ല റ്റ്രാഫിക്ക് ഉള്ള റോഡിൽ ഇങ്ങനെ ചെയ്താൽ വേഗം എത്തേണ്ട സ്ഥലത്തെത്തും.

5. അതിവേഗം ബൈക്ക് ഓടിക്കുക.

എന്ന് വച്ച് റേയ്സിനൊന്നും പോകരുത്. അതിന് റോഡിൽ ഓടിക്കുന്നതിനെക്കാൾ നിയമമുണ്ട്. ഹെൽമെറ്റ് വേണം, വണ്ടി വേണം, ഒരു നൂറ് നിബന്ധനകൾ. മരിക്കാനുള്ള സാദ്ധ്യതയും കുറവാണ്. അതൊന്നും നമുക്ക് വേണ്ട. നമുക്ക് റോഡിൽ തന്നെ റേയ്സ് ചെയ്യണം. മറ്റുള്ള വാഹനങ്ങളും പദയാത്രികരുമാണ് നമ്മുടെ എതിരാളികൾ. അവരെയെല്ലാം നമുക്ക് തോൽപ്പിക്കണം.

6. ഒരിക്കലും ആർക്കും സൈഡ് കൊടുക്കരുത്.

വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നവൻ ഭീരുവാണ്. റോഡിന്റെ നടുക്ക് ഓടിക്കുക. കഴിയുമെങ്കിൽ മൂന്ന് നാല് ബൈക്കുകാരെ കൂടെ കൂട്ടി വിശേഷമെല്ലാം പറഞ്ഞ് നിരത്തി ഓടിക്കുക. ഹൈവേയിൽ ഇത് വളരെ ഫലപ്രദമാണ്. പ്രത്യേകിച്ച് KSRTC ബസ്സിന്റെ മുന്നിൽ ഇങ്ങനെ ചെയ്യുന്നത് ഉദ്ദിഷ്ടഫലം അതിവേഗം ലഭിക്കാൻ സഹായിക്കും.

7. വഴിയിൽ കാണുന്ന എല്ലാവർക്കും ലിഫ്റ്റ് കൊടുക്കുക.

പ്രത്യേകിച്ച് ബാറിന്റെ മുന്നിൽ നിന്ന് ആരു ചോദിച്ചാലും നിർത്തി അവരെ പിറകിൽ ഇരുത്തുക. കഴിയുമെങ്കിൽ മൂന്നോ അതിലധികമോ ആളെ കയറ്റാൻ ശ്രമിക്കുക. നല്ല മിടുക്കന്മാരെ പിറകിൽ ഇരുത്തിയാൽ അവർ നമ്മളെ ഓൾഡ് ആക്കാതെ നോക്കിക്കോളും. ഒരുദാഹരണം പറയാം.

ഈയിടെ ഒരാൾ വന്നു. കാല് രണ്ടും ഒടിഞ്ഞ് അഞ്ചാറ് ഓപ്പറേഷൻ കഴിഞ്ഞു.

“എങ്ങനെ പറ്റി?”

“അതായത് ഞങ്ങൾ മൂന്ന് പേർ ബൈക്കിൽ പോവുകായിരുന്നു. അല്പം മദ്യപിച്ചിരുന്നു. ഒരു കാർ എതിരെ വന്നു. നടുക്കിരുന്ന ആൾക്ക് അതിന്റെ സൈഡ് മിറർ ഇളക്കി എടുക്കണം എന്നു തോന്നി. കണ്ണ് തുറന്നപ്പോൾ ആശുപത്രിയിൽ.”

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. വണ്ടി ഓടിച്ചയാൾ മാത്രം മരിച്ചില്ല. കാരണം അയാൾ രണ്ടാം കല്പന ലംഘിച്ചു. ഹെൽമെറ്റ് ഉണ്ടായിരുന്നു. ആ ഒരൊറ്റ അശ്രദ്ധ കാരണം മാത്രം അയാൾ കിളവനായി ഇവിടെ കിടന്നു നരകിക്കാൻ നിർബന്ധിതനായിരിക്കുന്നു.

8. കൈകുഞ്ഞുങ്ങളെയും സ്ത്രീകളെയും സഹായിക്കുക.

തീരെ ചെറിയ കുഞ്ഞുങ്ങളെ പെട്ട്രോൾ റ്റാങ്കിൽ ഇരുത്തുക. ഇവർ മറിഞ്ഞു റോഡിൽ വീണ് ഓൾഡാവാതെ സഹായിക്കാൻ നമുക്ക് കഴിയും.

സ്ത്രീകളെ സാരി ഉടുപ്പിച്ച് പിറകിൽ രണ്ട് കാലും ഒരു വശത്തോട്ട് ഇട്ട് ഇരുത്തുക. ഇതും ഒരു പരോപകാരമാണ്.സാരിയാവും ബൈക്കിൽ ഇരിക്കാൻ എറ്റവും ഉചിതമായ വേഷം. ജീൻസും ചുരിദാറും ലെഗ്ഗിങ്ങുമൊന്നും ഒരു കാരണവശാലും ബൈക്കിൽ കയറ്റരുത്. നമ്മുടെ പരമ്പരാഗത വേഷമായ സാരിയിട്ട് സ്ത്രീകൾ ബോൾഡായി ബൈക്കിൽ കയറട്ടെ.

9. റെയർ വ്യൂ മിറർ ഊരികളയുക.

ബൈക്ക് ഓടിക്കുന്നയാളുടെ പിരകിലുള്ള കണ്ണാണ് ഇരുവശത്തുമുള്ള മിറർ. ഊരി കളയുക. നമുക്കെന്തിനാ പിറകിൽ കണ്ണ്. അല്ലെങ്കിൽ ഇതിൽ ഒന്നും കാണാത്ത രീതിയിൽ പടത്തിൽ കാണുന്നതു പോലെ തിരിച്ച് വയ്ക്കുക. ബൈക്കിന് ഒരു വെട്ടുപോത്തിന്റെ ലുക്ക് വരാനും ഇത് സഹായിക്കും.

img_20180325_111848_01444389350.jpg

10. നമ്മുടെ നീക്കങ്ങൾ ആർക്കും പിടി കിട്ടാതെ ശ്രദ്ധിക്കുക.

നാലാമത്തെ കല്പനയിൽ പറയുന്നത് പോലെ റോഡുപയോഗിക്കുന്നവർ ശത്രുക്കളാണ്. അടുത്തത് നമ്മൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു കാരണവശാലും ശത്രു ഊഹിക്കാൻ പാടില്ല. പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞ്, സിഗ്നൽ കൊടുക്കാതെ, റ്റ്രാഫിക്ക് ലൈറ്റുകളെയും സ്പീഡ് റഡാറുകളെയും തോൽപ്പിച്ച് മുന്നേറുക.

പത്തു കല്പനകളെ സംയോജിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ഇഷ്ടാനുസരണം യോജിപ്പിക്കാം. ഉദാഹരണത്തിന് കല്പന 1.2 എന്നാൽ മദ്യപിച്ച് ഹെൽമെറ്റില്ലാതെ വണ്ടിയോടിക്കുക. ഇത് പോലെ നിരവധി കോമ്പിനേഷനുകൾ ഭാവനയനുസരിച്ച് ഉണ്ടാക്കാം.

2.3.5.8 ചെയ്യുന്ന ഒരു മഹാനെ കഴിഞ്ഞ ദിവസം അമ്പലംമുക്ക് ജംക്ഷനിൽ കണ്ടു. അദ്ദേഹം 1.2.3.5.8 ആണോന്നും സംശയമുണ്ട് വളവ് എടുത്ത രീതി കണ്ടിട്ട്. നിർഭാഗ്യവശാൽ അന്ന് ഒന്നും പറ്റിയില്ല. പക്ഷെ അത് തളരുന്ന ഒരു മനസ്സല്ല എന്ന് പ്രകടനം കണ്ടാലറിയാം. ധീരൻ ഒരിക്കലേ മരിക്കൂ എന്നറിയാവുന്ന ഒരു കരുത്തൻ. എത്രയും പെട്ടെന്ന് അദ്ദേഹവും കുടുംബവും അവരുടെ ആഗ്രഹം പോലെ ഓരോരോ പെട്ടിയിലാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Advertisements

2 thoughts on “How to be a bold motorcycle rider

  1. രഞ്ജിത്ത് April 1, 2018 — 2:21 am

    മോട്ടോർ സൈക്കിളിന്റെ പിന്നിൽ ചുരിദാർ ധരിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഒരു ഉപദേശവും കൂടി കൊടുക്കാവുന്നതാണ് . പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ ചുരിദാറിന്റെ ഷോൾ ഒരു ചുറ്റ് കഴുത്തിൽ ചുറ്റിയശേഷം ശേഷം ബാക്കി നല്ല നീളത്തിൽ കാറ്റത്ത് പാറി പറക്കുന്നരീതിയിൽ ധരിക്കുവാൻ ശ്രദ്ധിക്കുക. പുറകെ വരുന്ന വണ്ടിക്കാരുടെ മുഖത്ത് ശ്രദ്ധ തിരിക്കുന്ന രീതിയിൽ തട്ടുവാനും ,സ്വന്തം വണ്ടിയുടെ ചക്രത്തിൻ ഇടയ്ക്ക് പെട്ട വണ്ടി ഓടിക്കുന്ന വരെയും ബാക്കിയുള്ള രണ്ടു കുട്ടികളെയും കഴിക്കുന്നയാളെയും നിലത്തുവീഴുവാൻ ഇത് സഹായിക്കും ഭാഗ്യമുണ്ടെങ്ഉണ്ടെങ്കിൽ കഴുത്തിൽ്ഷാൾ കുരുങ്ങി മരിക്കുവാനും കുറഞ്ഞത് കുടുംബം മുഴുവൻ കൈയും കാലും ഒടിഞ്ഞ് കുറച്ചുനാൾ ആശുപത്രിയിൽ വിശ്രമം കിട്ടുവാനും സഹായിക്കും

  2. കിടു.ഒരാളുടെ ഉപദേശം കേട്ടിട്ടു ആദ്യമായി ആണ് ചിരിച്ചുപോയത്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close